മഞ്ചേശ്വരം: മാലിന്യമുക്ത കേരളമെന്ന ആശയം സംസ്ഥാന അതിർത്തിക്ക് അടുത്തെത്തുമ്പോൾ തന്നെ വഴിമാറിപ്പോകുന്ന അവസ്ഥയാണ് മഞ്ചേശ്വരത്ത്. ദേശീയപാതയോടു ചേർന്നുകിടക്കുന്ന ടൗണിന്റെ വിവിധഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിലും റോഡരികിലും തോട്ടിലും മാലിന്യം തള്ളുന്നത് ഇപ്പോഴും പതിവാണ്.
കെട്ടുകണക്കിന് മാലിന്യമാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വിവിധയിടങ്ങളിൽ തള്ളിയിരിക്കുന്നത്. ആശുപത്രികളിൽനിന്നുള്ള ഉപയോഗിച്ച സിറിഞ്ചുകളും മരുന്നു കുപ്പികളും മറ്റു പ്ലാസ്റ്റിക് വസ്തുക്കളും വരെ ഇക്കൂട്ടത്തിലുണ്ട്.
കറോഡ, ഉദ്യാവർ പത്താംമൈൽ, തുമിനാട്, കുഞ്ചത്തൂർപദവ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതുമൂലം വഴിയാത്രക്കാർക്ക് നടന്നുപോകാൻപോലും പ്രയാസമായിരിക്കുകയാണ്. അമ്പിത്തടി ഗേരുക്കട്ട റോഡിലെ കലുങ്കിന് സമീപമുള്ള തോട് പഞ്ചായത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രമായി മാറി.
കൂട്ടിയിട്ട മാലിന്യത്തിൽനിന്ന് ദുർഗന്ധം പരക്കുന്നതിനൊപ്പം മാലിന്യങ്ങളിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവുനായ്കളുടെ ശല്യവും രൂക്ഷമാണ്. മഴ പെയ്യുമ്പോൾ പകർച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്നു. പലയിടങ്ങളിലും രാത്രിയിൽ മാലിന്യ കൂമ്പാരത്തിന് തീയിടുന്നതും വ്യാപകമാണ്. പഞ്ചായത്തിൽ ശാസ്ത്രീയ മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.